• കബനി ഒഴുകുമ്പോൾ

    കബനിയുടെ വയനാട്ടിലെ ഏറ്റവും നീളമുള്ള പോഷകനദി ആദ്യം വൈത്തിരി പുഴയായും പിന്നെ പൊഴുതന പുഴയായും തുടർന്ന്‌ വെണ്ണിയോട്‌ പുഴയായും അറിയപ്പെടുന്ന പനമരം പുഴയാണ്‌. വടക്ക്‌ കിഴക്കോട്ടൊഴുകുന്ന ഈ പുഴയിൽ കൽപ്പറ്റ ഗൂഡലായിൽ നിന്നുത്ഭവിക്കുന്ന ചെറുപുഴ ആദ്യം വന്നുചേരുന്നു. കുറിച്യർമലയിൽ നിന്നുത്ഭവിക്കുന്ന കരമാന്തോട്‌ ചേരിയംകൊല്ലിയിൽ വെച്ചും വടുവൻചാലിൽ നിന്നുത്ഭവിക്കുന്ന പാതിരിപ്പുഴ മെയിലംപാടിക്കടുത്തുവെച്ച്‌ കാരാപ്പുഴയുമായി ചേർന്ന ചൂണ്ടൽപുഴയായി പനമരത്തിനടുത്തുവെച്ചും, സുൽത്താൻ ബത്തേരി കുപ്പാടി ചെതലയം പ്രദേശങ്ങളിൽ നിന്നും വരുന്ന നരസിപ്പുഴ പനമരത്തിനു മൂന്ന്‌ കിലോമീറ്റർ താഴെ വെച്ചും ചേരുമ്പോഴാണ്‌ പനമരം പുഴ പൂർണ്ണമാകുന്നത്‌.
    പേരിയക്കു കിഴക്കുള്ള മലകളിൽ നിന്നും വരുന്ന പേരിയപുഴയും ആലാറ്റിൽ നിന്നുത്ഭവിക്കുന്ന തോടും വാളാടിനടുത്തുവെച്ച്‌ ഒന്നിച്ചു ചേർന്നാണ്‌ മാനന്തവാടി പുഴയാകുന്നത്‌. ദാസനക്കരയ്ക്കു സമീപം വെച്ച്‌ മാനന്തവാടി പുഴയും പനമരം പുഴയും ചേർന്ന്‌ കബനിയാകുന്നു.
    തിരുനെല്ലി താഴ്‌വരയിൽ നിന്നൊഴുകിവരുന്ന കാളിന്ദിയും ബ്രഹ്മഗിരി, ബേഗൂർ, തൃശ്ശിലേരി എന്നിവിടങ്ങളിൽ നിന്നുവരുന്ന തോടുകളും ചേർന്ന്‌ രൂപപ്പെടുന്ന കബനിയുടെ മൂന്നാമത്തെ പോഷകനദിയായ ബാവലിപ്പുഴ അതിർത്തിക്കടുത്തുവെച്ച്‌ കബനിയോടു ചേരുന്നു.
    ബാവലിക്കു മുമ്പ്‌ പാതിരി വനത്തിൽ നിന്നുത്ഭവിക്കുന്ന മാണിക്കാടുപുഴയും പുൽപ്പള്ളി ചീയമ്പം പ്രദേശത്തു നിന്നുവരുന്ന കടമാൻതോടും കബനിയുടെ വലതുകരയിൽ വന്നുചേരുന്നുണ്ട്‌. കുറിച്യാട്‌, ചെതലയം, പുൽപ്പള്ളിയുടെ കിഴക്കൻഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള നീരൊഴുക്ക്‌ കന്നാരംപുഴയായി സംസ്ഥാന അതിർത്തിയിലൂടെ കബനി അണക്കെട്ടിന്റെ ജലസംഭരണിയുടെ തലപ്പത്ത്‌ എത്തിച്ചേരുമ്പോഴാണ്‌ കബനി നദിയുടെ വയനാട്‌ ഭാഗം പൂർണ്ണമാകുന്നത്‌.
    5221 ഹെക്ടർ സ്ഥലത്തേക്ക്‌ ജലസേചനം ലക്ഷ്യമിട്ട്‌ കാരാപ്പുഴയ്ക്ക്‌ കുറുകെ നിർമ്മിച്ച കാരാപ്പുഴ അണക്കെട്ടും (2.7 ടിഎംസി) വൈദ്യുതി ഉൽപ്പാദനവും 1800 ഹെക്ടറിലേയ്ക്ക്‌ ജലസേചനത്തിനുമായി കരമാൻതോടിനു കുറുകെ നിർമ്മിച്ച ബാണാസുര അണക്കെട്ടു (1.8 ടിഎംസി) മല്ലാതെ കബനീനദിയുടേയോ, പോഷക നദികളുടെയേയോ മേൽപറഞ്ഞ മറ്റു ചെറു നദികളുടെയോ ജലം സംഭരിച്ച്‌ ഉപയോഗപ്പെടുത്താൻ പ്രാപ്തിയുള്ള ഒരു നിർമ്മിതിയും നമുക്കില്ല. 157 ലിഫ്റ്റ്‌ ഇറിഗേഷൻ പദ്ധതികൾ, 332 ചെറിയ്‌ ചെക്ക്‌ ഡാമുകൾ, 3167 ചിറകൾ / കുളങ്ങൾ, 4580 കുഴൽക്കിണറുകൾ, 61671 കിണറുകൾ എന്നിവയാണ്‌ ജില്ലയിലെ നിലവിലുള്ള ജലസംഭരണികളും, സ്രോതസുകളും. ഇവയ്ക്ക്‌ നമുക്കനുവദിച്ച 21 ടിഎംസി ജലം ഉപയോഗപ്പെടുത്തുന്നതിനുള്ള സംഭരണ സാഹചര്യം ഇല്ല എന്നുമാത്രമല്ല ഇവയിൽ മൊത്തം ശേഖരിക്കാവുന്ന ജലശേഷി കേവലം 06 ടിഎംസിയിൽ കുറവാണെന്നുള്ളതാണ്‌ യാഥാർത്ഥ്യം.
    കാർഷിക രംഗത്തെ പുതിയ പ്രവണതകളെയും സാധ്യതകളേയും മനസ്സിലാക്കി, വരാനിരിക്കുന്ന നാളുകളിലേയ്ക്ക്‌ കരുതി വയ്ക്കാവുന്നവിധത്തിൽ വിഭവപരിപാലനം നടത്തേണ്ടതിന്റെ ആവശ്യകത പരിഗണിച്ച്‌, നമ്മുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊണ്ട്‌ കബനീനദിയുടെയും പോഷക നദികളുടേയും ശേഷിക്കും പാരിസ്ഥിതിക ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ ജലസംരക്ഷണ വിനിയോഗരീതികളാണ്‌ നമ്മുടെ നാടിനാവശ്യം. അതിനായി പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത്‌ ജനപങ്കാളിത്തത്തോടെ പരിപാലിക്കാവുന്ന സൂക്ഷ്മതല പദ്ധതികൾക്ക്‌ മുൻതൂക്കം നൽകേണ്ടതാണ്‌.

    വയനാടിനായി ചില നിർദ്ദേശങ്ങൾ
    • സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ മുൽ 2068 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്ടിൽ ഏകദേശം 1500 മീറ്ററിൽ നിന്നും താഴേയ്ക്കാണ്‌ കൃഷിയുള്ളത്‌. ഇത്തരം ഉയരം കൂടിയ ഭാഗങ്ങളിൽ പരിസ്ഥിതിക്ക്‌ ദോഷം വരാത്ത വിധത്തിൽ ചെറിയ ഗള്ളിഡാമുകൾ നിർമ്മിച്ച്‌ ജലസംഭരണം നടത്താവുന്നതും ഗ്രാവിറ്റി ജലശേഖരണം സാധ്യമാക്കാവുന്നതുമാണ്‌.
    • വനത്തിലേയും തോട്ടങ്ങളിലേയും ഉയർന്ന പ്രദേശങ്ങളിലുള്ള ഉറവകൾ സംരക്ഷിച്ച്‌ ജലം ശേഖരിക്കുന്നതിനുള്ള സംഭരണികൾ നിർമ്മിച്ച്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌.
    • ഇടത്തരം കുന്നുകൾക്കിടയിൽ കാണുന്ന താഴ്‌വരകളിൽ അവയ്ക്കു കുറുകെ മൺചിറയുണ്ടാക്കി ജലസംഭരണം നടത്താവുന്നതാണ്‌. ജില്ലയുടെ ഭൂപ്രകൃതിക്ക്‌ ഏറ്റവും അനുയോജ്യമായ ജലസംഭരണ രീതിയാണിത്‌.
    • വനത്തിനകത്തുള്ള ജലാശയങ്ങളും ചതുപ്പുകളും വിപുലപ്പെടുത്തി ജലസുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌.
    • പുതിയ തലച്ചിറകൾ നിർമ്മിക്കുകയും നിലവിലുള്ള ചിറകളും, ജലാശയങ്ങളും സംരക്ഷിക്കുകയും അവയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്‌.
    • കബനിയുടെ പോഷക നദികളിലേക്കെത്തുന്ന ചെറുപുഴകളിലും, തോടുകളിലും, നീർച്ചാലുകളിലും അവയ്ക്കനുസൃതമായ തടയണകൾ ക്രമമായി നിർമ്മിക്കാവുന്നതാണ്‌. ഓരോന്നിന്റെയും ശേഷിക്കനുസരിച്ച്‌ ജലസേചന സ്ഥലം നിശ്ചയിക്കാവുന്നതാണ്‌.
    • വീതി കൂടിയ, ഇരുകരകളും വയലുകളായിട്ടുള്ള തോടുകളിൽ തോടിനകത്തു തന്നെ ജലാശയം (സങ്കൺ പോണ്ട്‌) നിർമ്മിക്കാവുന്നതാണ്‌.
    • കബനിയിലും പോഷക നദികളിലും അനുയോജ്യമായ സ്ഥലങ്ങളിൽ ക്രോസ്സ്‌ വാൾ നിർമ്മിച്ച്‌ ലിഫ്റ്റ്‌ ഇറിഗേഷന്‌ സാഹചര്യമൊരുക്കാവുന്നതാണ്‌.
    • പുഴയോര വൈദ്യുതീകരണം നടത്തി, തടയണ, സങ്കൺ പോണ്ട്‌ എന്നിവകളിൽ നിന്നും പമ്പിങ്‌ നടത്തുന്നതിന്‌ സാഹചര്യമൊരുക്കാവുന്നതാണ്‌.
    • ഉപയോഗിക്കാതെ കിടക്കുന്ന മുഴുവൻ തടയണകൾ, വിസിബി എന്നിവ അറ്റകുറ്റപ്പണി നടത്തികൊണ്ട്‌ പുനരുജ്ജീവിപ്പിക്കാവുന്നതാണ്‌.
    • വർഷകാലങ്ങളിൽ തോടുകളിലൂടെയും, പുഴകളിലൂടെയും ഒഴുകുന്ന അധിക ജലം സുരക്ഷിതമായി തിരിച്ചു വിട്ട്‌ സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാവുന്നതാണ്‌.
    • സമഗ്രവും സംയോജിതവുമായ നീർത്തടാധിഷ്ഠിത പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കി കാർഷികോൽപ്പാദനവും ജലസുരക്ഷയും ഉറപ്പു വരുത്താവുന്നതാണ്‌.

  • 0 comments:

    Post a Comment