• ലാത്തിച്ചാര്‍ജിനും ആത്മഹത്യശ്രമത്തിനുമിടെ പനമരം മദ്യവില്പനശാല തുറന്നു




    പനമരം: ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനും ലാത്തിച്ചാര്‍ജിനും ആത്മഹത്യാഭീഷണിക്കുമിടെ പനമരം നീരട്ടാടി റോഡിലെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്പനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മദ്യശാല തുറക്കുന്നതിന് പഞ്ചായത്ത് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച മുതല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മദ്യശാല തുറന്നത്. ജനവാസമേഖലയില്‍ മദ്യശാല പ്രവര്‍ത്തിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികള്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തെരുവിലിറങ്ങുകയായിരുന്നു. തെറ്റായ വിവരം ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല ഉത്തരവ് വാങ്ങിയതെന്ന് സമരക്കാര്‍ ആരോപിച്ചു. ആദിവാസി കോളനിയില്‍നിന്ന് 200 മീറ്റര്‍ അകലെയാവണം ബിവറേജസ് മദ്യവില്പനകേന്ദ്രമെന്നാണ് നിയമം. എന്നാല്‍ സമീപത്തെ ഓടക്കൊല്ലി കോളനിയില്‍നിന്ന് 175 മീറ്റര്‍ മാത്രമാണ് ദൂരം. 299 മീറ്റര്‍ ദൂരമുണ്ടെന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഏപ്രിലില്‍ മദ്യശാല പ്രവര്‍ത്തിച്ച പതിനൊന്ന് ദിവസവും അയല്‍വാസികള്‍ക്ക് ദുരിതമായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. രാവിലെ എട്ടു മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന വൈശ്യമ്പത്ത് അസീസ് പെട്രോള്‍ കന്നാസുമായി മദ്യശാല കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കി. ഇതോടെ സംഘര്‍ഷാവസ്ഥ ഭയന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി. 11.30-ഓടെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പിന്നീട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളിയും വില്ലേജ് ഓഫീസര്‍ ടി. സരിന്‍കുമാറും സ്ഥലത്തെത്തി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ഇതിനിടെ പലവട്ടം സമരക്കാരും പോലീസുമായി വാക്തര്‍ക്കമുണ്ടായി. ചെറിയ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തിന് അണിനിരന്നത്. ഇത് പോലീസിനെയും പ്രതിസന്ധിയിലാക്കി. ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിട്ടും ചര്‍ച്ചകളില്‍ സമവായമുണ്ടാക്കാന്‍ സാധിക്കാതെവന്നതോടെയാണ് ഡിവൈ.എസ്.പി. കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പോലീസ് ബലംപ്രയോഗിച്ച് മദ്യശാല തുറന്നത്. മദ്യശാല തുറക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമായി. പോലീസ് ലാത്തിവീശി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. സമീപത്തെ വീട്ടുമുറ്റത്തേക്ക് കയറിയാണ് പോലീസ് ലാത്തിവീശിയത്. പോലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ കമ്പളക്കാട് എസ്.ഐ. മുഹമ്മദ്, സി.പി.ഒ. എം. ഷമീര്‍, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷ് എന്നിവര്‍ക്കും സമരക്കാരായ ഇബ്രാഹിം പടയന്‍, കാര്യാട്ട് കാദര്‍കുട്ടി, ആശ ശരത്, കാര്യാട്ട് റസാക്ക്, ശരത്കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കമ്പളക്കാട് എസ്.ഐ. മുഹമ്മദിനെ താലൂക്ക് ആസ്​പത്രിയിലേക്ക് മാറ്റി. ഇതേസമയം പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അസീസിന് നേരെ ഫയര്‍ഫോഴ്‌സ് ആദ്യം വെള്ളം ചീറ്റി. പിന്നീട് ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് അസീസിനെ ബലംപ്രയോഗിച്ച് താഴെയിറക്കി അറസ്റ്റുചെയ്തു സ്ഥലത്തുനിന്നും മാറ്റി. സംഘര്‍ഷം നടക്കുമ്പോള്‍തന്നെ വില്പനകേന്ദ്രം തുറക്കുകയും ആളുകള്‍ മദ്യം വാങ്ങാന്‍ തുടങ്ങുകയും ചെയ്തു. മീനങ്ങാടി സി.ഐ. എം.ബി. പളനി, എസ്.ഐ.മാരായ എ.വി. പൗലോസ്, സി.കെ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. മാനന്തവാടി ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ കെ.എം. ഷിബു, എന്‍.പി. രാജേഷ്, പി.വി. പൗലോസ്, പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയുമെത്തി.

  • 0 comments:

    Post a Comment