• ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൂര്യപ്പാടം പനമരം സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുടേത്


    ആശയങ്ങള്‍കൊണ്ട് തലമുറകളെ പ്രലോഭിപ്പിക്കുന്ന പ്രൊഫ. ആര്‍.വി.ജി. മേനോന്‍ 2007ല്‍ മാതൃഭൂമി പത്രത്തില്‍ ഇങ്ങനെ എഴുതി: നാട്ടിലെ  അണക്കെട്ടുകളിലെ ജലസംഭരണികളിലും കായലുകളിലും ഒഴുകുന്ന സൗര വൈദ്യുതി നിലയങ്ങള്‍ സ്ഥാപിച്ച് നമുക്ക് നമ്മുടെ വൈദ്യുതിക്ഷാമം എന്തുകൊണ്ട് പരിഹരിച്ചുകൂടാ?
    ആ ചോദ്യം തൊട്ടത് വയനാട്ടിലെ
    പനമരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഒരു പ്ലസ് ടു വിദ്യാര്‍ഥിയെ ആയിരുന്നു. അവന്‍ ഈണിലും ഉറക്കത്തിലും അതുതന്നെ സ്വപ്നം കണ്ടു. ജലപ്പരപ്പില്‍  സൗരോര്‍ജത്തിന്റെ തിരത്തള്ളല്‍! അതെക്കുറിച്ച് പഠിക്കാവുന്നതെല്ലാം പഠിച്ചുനോക്കി. ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ ഇതിന്റെ സാധ്യ തകളെക്കുറിച്ച് ലേഖനമെഴുതി. ജീവിതത്തില്‍ ആദ്യത്തെ പ്രതിഫലം അങ്ങനെ നേടി 250 രൂപ.

    ഇന്ന് വയനാട്ടില്‍ കല്പറ്റയ്ക്ക് അടുത്തുള്ള   ബാണാസുര സാഗര്‍ ഡാമിലെ ഓളപ്പരപ്പില്‍ അവനും അവന്റെ ഭ്രാന്തമായ സ്വപ്നത്തിന് കൂട്ടുനിന്ന ചങ്ങാതിയും ചേര്‍ന്ന് അത്
    സാധ്യമാക്കിയിരിക്കുന്നു. സോളാര്‍ പാനലി ന്റെ പായകെട്ടിയ ചങ്ങാടം പോലെ കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന വൈദ്യുതി നിലയം! ആ 'നിലയത്തില്‍' ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അന്നത്തെ പ്ലസ് ടുക്കാരന്‍ അജയ് തോമസിന് വയസ് 24. അവന്റെ കൂട്ടുകാരന്‍ സുധിന് 28.
    നിലയം ഈ മാസം 21 ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നാടിന് സമര്‍പ്പിക്കുകയാണ്. ഉറച്ചുനില്‍ക്കാന്‍ ഒരിടംകൊടുത്താല്‍ പുതിയ തലമുറയ്ക്ക് ചുറ്റുമുള്ള ലോകത്തെ മാറ്റിമറിക്കാന്‍ കെല്പുണ്ടാകുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഈ കഥ.
    വാട്‌സാ എള്ളുണ്ടക്കമ്പനി
    പ്ലസ് ടു കഴിഞ്ഞ് തലപ്പുഴയിലെ വയനാട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്കിന് (ഇലക്ട്രിക്കല്‍) ചേര്‍ന്നകാലത്ത് അജയ് തോമസ് സ്വന്തം ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഒരു കമ്പനി  തുടങ്ങി: വാട്‌സാ (VATSA) ഫുഡ് പ്രോഡക്ട്‌സ്. വീട്ടിലെ എല്ലാവരുടെയും പേരുകള്‍ ചേര്‍ത്തുള്ള ഒരു തമാശപ്പേര്. വി ഫോര്‍ വാഴംപ്ലാക്കല്‍ വീട്ടുപേര്. വയനാട് ജില്ലയിലെ കമ്മനയിലെ ഒരു ഇടത്തരം കുടുംബം. എ ഫോര്‍ അരുണ്‍ തോമസ്. ചേട്ടന്‍. ടി ഫോര്‍ തോമസ്; അച്ഛന്‍. പനമരം സ്‌കൂളില്‍ നിന്ന് വിരമിച്ച ഹെഡ്മാസ്റ്റര്‍. എസ് ഫോര്‍ അമ്മ ഷീലാ തോമസ്.  വീണ്ടും എ ഫോര്‍ ആനി തോമസ്. അനിയത്തി.
    എള്ളുണ്ട ഉണ്ടാക്കുക, ചെറിയ ചായക്കട പാട്ടത്തിന് നടത്തുക എന്നിവയായിരുന്നു ഈ എളിയ 'കമ്പനി'യുടെ മഹത്തായ ഉദ്ദേശം. പക്ഷേ നാട്ടുകാര് ചോദിച്ചത്ര എള്ളുണ്ട ഉണ്ടാക്കാന്‍ അന്ന് പയ്യന് പറ്റിയില്ല. അങ്ങനെ കമ്പനി പൊളിഞ്ഞു. കൂട്ടുകാരൊത്ത് അവന്‍ നടത്തിയിരുന്ന റെസ്‌റ്റോറന്റ് കം കൂള്‍ ബാറും പൂട്ടി.
    പക്ഷെ, അവന്റെ കോളേജില്‍ അക്കാലത്ത് കുട്ടികളെ വലിയ സ്വപ്നങ്ങള്‍ കാണിക്കുന്ന അധ്യാപകരുണ്ടായിരുന്നു.  ഡോ. താജുദ്ദീന്‍ അഹമ്മദിന്റെയും ഡോ. മോഹന്‍ദാസിന്റെയും നേതൃത്വത്തില്‍ നടന്നിരുന്ന 'വി ക്രിയേറ്റ്' എന്ന കൂട്ടായ്മ വിദ്യാര്‍ത്ഥികളുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഫ്‌ലോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റ് എന്ന ആശയം അജയ് അവിടെയും അവതരിപ്പിച്ചു. അധ്യാപകര്‍
    പിന്തുണച്ചു. അപ്പോഴും ആ സൗര വൈദ്യുതി നിലയം പേപ്പറിലെ വരകള്‍ മാത്രമായി നിന്നു.
    കാലം മാറി. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ സ്റ്റാര്‍ട്ടപ് വില്ലേജ് തുടങ്ങി. ഇതുമായി ചേര്‍ന്ന് ഊര്‍ജ ഗവേഷണത്തെയും ഈ മേഖലയിലെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും സംസ്ഥാന വൈദ്യുതി ബോര്‍ഡ് എനര്‍ജി ഇന്നവേഷന്‍ സോണും ആരംഭിച്ചു. അവര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ആശയങ്ങള്‍ തേടി. അജയിന്റെ ആശയം വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു.

    20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുമായി ചെന്ന അജയിന് ബോര്‍ഡ് ഗവേഷണ ധനസഹായമായി 15 ലക്ഷം അനുവദിച്ചു. അങ്ങനെ പഴയ എള്ളുണ്ടക്കമ്പനി പുതിയ രൂപത്തില്‍ വന്നു വാട്‌സാ ടെക് !
    ജോലി പോട്ടെ, സുധിനും കൂടി
    കൈയിലൊരു പ്രോജക്ടും വെച്ച് സൂര്യനെനോക്കി നടന്ന അജയിന് നിലയത്തിന്റെ രൂപകല്പനയ്ക്കായി ഒരു കൂട്ടുവേണമായിരുന്നു. അയല്‍ക്കാരനും ബി.ടെക്കിന്റെ ആദ്യവര്‍ഷം തന്നെ ഗസ്റ്റ് അധ്യാപകന്റെ വേഷത്തില്‍ വന്ന് പഠിപ്പിക്കുകയും ചെയ്തിരുന്ന വി.എം. സുധിനെ ഇതിനായി സമീപിച്ചു. സുധിനും ഏതാണ്ട് ഇതേ പശ്ചാത്തലം. മാനന്തവാടി കമ്മന ചന്ദ്രാലയത്തില്‍ റിട്ട. തഹസീല്‍ദാര്‍
    എം. പ്രഭാകരന്‍ നായരുടെയും ചന്ദ്രികയുടെയും മകന്‍. വയനാട്ടിലെ ദ്വാരകയിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലും പയ്യമ്പള്ളിയിലെ സെന്റ് കാതറീന്‍സ് സ്‌കൂളിലും പഠിച്ച സാധാരണ വിദ്യാര്‍ഥി. കാസര്‍കോട് എല്‍.ബി.എസ്. കോളേജില്‍ നിന്ന് ബി.ടെക്കും (മെക്കാനിക്കല്‍) കോയമ്പത്തൂര്‍ പി.എസ്.ജി. കോളേജില്‍ നിന്ന് എം.ടെക്കും (മാനുഫാക്ചറിങ്) നേടിയ മിടുക്കന്‍. ട്രിച്ചിയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ മാനേജീരിയല്‍ തസ്തികയില്‍ ജോലിയുമായി സുഖമായി കഴിയുമ്പോഴാണ് അജയ് തോമസ് തേടിയെത്തുന്നത്. അതോടെ സുധിന്റെ മനസ്സിലും സൂര്യന്‍ കത്തിത്തുടങ്ങി. വേറൊന്നും ആലോചിച്ചില്ല. ജോലി വലിച്ചെറിഞ്ഞ് ഒഴുകും നിലയത്തിനായി സുധിനും ഒഴുകി.

    വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററില്‍ വാട്‌സായ്ക്ക് ഓഫീസ് കിട്ടി. വെറും ആയിരം രൂപ വാടക. ഇങ്ങനെയൊക്കെ സൗകര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഓഫീസ് വാടകയെ പേടിച്ച് എന്നേ സംഭവം പൂട്ടിക്കെട്ടിയേനെ! അന്നവിടെ പ്രിന്‍സിപ്പലായിരുന്ന ഡോ. ബി. അനില്‍, ഈ 'പിള്ളാര്‍'ക്ക് ആവുന്നത്ര പ്രോത്‌സാഹനം നല്‍കി. പിടിച്ചുനില്‍ക്കാന്‍ ഐ.ടി.ക്കാരായ സുഹൃത്തുക്കള്‍ ദിനകും ലെവിനും ഒക്കെച്ചേര്‍ന്ന് ചില്ലറ ജോലികള്‍ ഏറ്റെടുത്തു. അങ്ങനെ അവര്‍ തുടങ്ങി.
    നിലയം ഉണ്ടാക്കാന്‍ ഇറങ്ങിയപ്പോഴാണ് ഏത് നിമിഷവും പാളിപ്പോകാവുന്ന പണിയാണ് മുന്നിലെന്ന് ഈ ആശയക്കില്ലാടികള്‍ക്ക് ബോധ്യപ്പെട്ടത്. 1200 ചതുരശ്രയടി വിസ്തീര്‍ണമുള്ള 40 സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച നിലയം ബാണാസുര സാഗറിലെ ജലാശയത്തിന് മുകളില്‍ പൊന്തിക്കിട ക്കണം. ചലിക്കാന്‍ പാടില്ല. വെള്ളം കയറിയാല്‍ അതിന് അനുസരിച്ച് പൊങ്ങാനും  വെളളം താഴ്ന്നാല്‍ സ്വയം താഴാനുമുള്ള ആങ്കറിങ് സംവിധാനവും വേണം.
    ജപ്പാനില്‍ പ്ലാസ്റ്റിക് കൊണ്ടാണ് ഇത്തരം നിലയങ്ങള്‍ തീര്‍ത്തിട്ടുള്ളത്. എന്നാല്‍ ഇവിടത്തെ കനത്ത കാറ്റിലും മഴയിലെ ഏറ്റക്കുറച്ചിലിലും പ്ലാസ്റ്റിക് രക്ഷപ്പെടില്ല. കോണ്‍ക്രീറ്റു കൊണ്ട് ഇത്തരത്തില്‍ ആദ്യത്തെ നിലയം ഉണ്ടാക്കുക എന്നതായിരുന്നു ഇവര്‍ നേരിട്ട വെല്ലുവിളി. അതിന് സ്വന്തം ബുദ്ധിമാത്രമായിരുന്നു ആശ്രയം. പണിഞ്ഞും പൊളിച്ചും പഠിച്ചും പരീക്ഷിച്ചും മുന്നേറുക മാത്രമായിരുന്നു പോംവഴി.
    പണികിട്ടി;  കാറ്റായും മഴയായും 

    ഒന്നിനുപിന്നാലെ ഒന്നായി പലരൂപത്തില്‍ ഈ പാവങ്ങള്‍ക്ക് 'പണി' കിട്ടിത്തുടങ്ങി. ജലസംഭരണിയുടെ കരയോട് ചേര്‍ത്തുവെച്ച് നിര്‍മിച്ച കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോം 2015 ലെ കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് വെള്ളത്തില്‍ മുങ്ങിപ്പോയി. നോക്കിനില്‍ക്കെ രണ്ട് രണ്ടര ലക്ഷം രൂപ മുങ്ങിത്താഴ്ന്നു. പണ്ടെങ്ങാണ്ടോ ഇത്തിരി നീന്തിയ പരിചയംവെച്ച് ഒടുവില്‍ ഈ 'നിലയ വിദ്വാന്‍മാരും'  വെള്ളത്തില്‍ച്ചാടി. വൈദ്യുതി ബോര്‍ഡിന്റെ സാമാന്യം ഭേദപ്പെട്ട കുതിരശക്തിയുള്ള ബോട്ടുകള്‍ കൊണ്ട് കെട്ടിവലിച്ചിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ ഒരു സ്വന്തം ബോട്ട് സംഘടിപ്പിച്ചു. മോട്ടോറില്ല. തുഴയണം. ആ ബോട്ടില്‍ കയറി രണ്ടുപേരും മുങ്ങിക്കിടക്കുന്ന പ്ലാറ്റ്‌ഫോം ഉയര്‍ത്താനുള്ള ആങ്കിള്‍ നോക്കി രാപ്പകല്‍ അതിന് ചുറ്റും അലഞ്ഞു. ഒടുവില്‍ പലവഴിക്ക് കയര്‍ കെട്ടി അവരത് പൊക്കിയെടുത്തു. അന്നൊക്കെ ഈ പിള്ളാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് പേടിയും സങ്കടവും തോന്നിയിട്ടുണ്ടെന്ന് ഇതിനൊക്കെ സാക്ഷിയായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മനോഹരന്‍.
    സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ടെന്റുകള്‍ കാറ്റുകൊണ്ടുപോയിരുന്നു. രാത്രിയില്‍ കരയില്‍ കാട്ടുപന്നികളുടെ ശല്യം. മണലും സിമന്റും എത്തിക്കാന്‍ റോഡില്ല. ചെളിനിറഞ്ഞ പാതയില്‍ ട്രാക്ടര്‍ കുടുങ്ങുമ്പോള്‍ കെട്ടിവലിക്കണം. പണി സ്ഥലത്ത് വൈദ്യുതിയില്ല. മുഴുവന്‍ സമയവും ജനറേറ്റര്‍ തന്നെ ആശ്രയം. സിമന്റ് ചാക്കും മണലുമൊക്കെ ചുമക്കുന്ന ഈ എന്‍ജിനീയര്‍മാരോട് എല്ലാര്‍ക്കും സഹതാപമായി. രാത്രി വെള്ളത്തില്‍ നിന്ന് വിറച്ചുവരുന്ന ഇവര്‍ക്ക് ചായയുണ്ടാക്കി നല്‍കാന്‍ ഡാമിലെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ മത്സരിച്ചു. പലപ്പോഴും ഈ വട്ടുപണി ഉപേക്ഷിച്ച് പണിക്കാര്‍ പോയി. അങ്ങനെ ചുമട്ടുകാരുടെയും മേസ്തിരിയുടെയും എഞ്ചിനിയറുടെയും ശാസ്ത്ര ജ്ഞന്റെയും പണി ഒരുമിച്ച് ചെയ്ത് ഈ യുവാക്കള്‍ എല്ലാരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
    വൈദ്യുതി ബോര്‍ഡ് നല്‍കിയത് ഗവേഷണ സഹായമാണ്. പറ്റില്ലെന്ന് കണ്ടാല്‍ ഉപേക്ഷിച്ചാലും പ്രശ്‌നമില്ല. എന്നിട്ടും വിജയം കണ്ടിട്ടേ ഇവര്‍ അടങ്ങിയുള്ളൂ. അധ്വാനം, ചര്‍ച്ച, ഗവേഷണം ഒക്കെക്കൂടി ദിവസം 18 മണിക്കൂറോളം അക്കാലത്ത് പണിയെടുത്തുവെന്ന് സുധിന്‍. അജയ് അവന്റെ ഫിലോസഫി ഇങ്ങനെ പറഞ്ഞു: ''എന്തെങ്കിലും നല്ലത് വന്നാല്‍ അത് ലക്കെന്നും മോശം സംഭവിച്ചാല്‍ ഫെയ്റ്റ്  എന്നും പറഞ്ഞ് നടക്കാന്‍ ഞങ്ങളെ കിട്ടില്ല ചേട്ടാ. ഒന്നുപോയാല്‍ പോട്ടേ, അടുത്തതില്‍ പിടിക്കാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.''
    കരയോട് ചേര്‍ത്ത് നിര്‍മിച്ച 25 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോം 200 മീറ്റര്‍ നീക്കി ജലത്തില്‍ പൊന്തിനിര്‍ത്തിക്കാനും വേണ്ടിവന്നു രാപ്പകല്‍ അധ്വാനം. ഇത് കെട്ടിവലിക്കുന്നതില്‍ ബോട്ടുകള്‍ പരാജയപ്പെട്ടപ്പോള്‍ അതിനു പോംവഴി കണ്ടെത്തിയത് സ്വയം നടത്തിയ പരീക്ഷ ണങ്ങളുടെ അടിസ്ഥാനത്തിലാണ്. നഷ്ടം ഒരുപാട് വന്നു. എത്ര നഷ്ടപ്പെട്ടാലും ഈ സാങ്കേതിക വിദ്യയുടെ മുന്‍നിരക്കാരായി
    മാറാനുള്ള വാശിയിലായിരുന്നു ഇവര്‍.
    ഈ നിലയത്തില്‍ നിന്ന് വര്‍ഷം 14,000 യൂണിറ്റ് വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡിലേക്ക് പോകും. നിലയം പൊങ്ങിക്കിടക്കാനായി അതിനുള്ളില്‍ നിര്‍മിച്ചിട്ടുള്ള ജലസംഭരണികളില്‍ മീന്‍ വളര്‍ത്താം. ഇനി ഇങ്ങനെയൊരു വെറും പ്ലാറ്റ്‌ഫോമിന് പകരം ജലപ്പരപ്പില്‍ ഒരു കെട്ടിടം നിര്‍മിച്ച് അതൊരു മ്യൂസിയം ആക്കാം. അതിന്റെ മുകളില്‍ സോളാര്‍ പാനല്‍ വെച്ചാല്‍ അതൊരു വൈദ്യുതി നിലയമാവും... അങ്ങനെയങ്ങ
    നെ ഇവര്‍ കാണുന്ന സാധ്യതകള്‍ക്ക് പരിമിതിയില്ല.
    എഞ്ചിനിയറിങ് കഴിഞ്ഞ് പണിക്ക് പോകാതെയും ഉണ്ടായിരുന്നത് കളഞ്ഞുകുളിച്ചും  ഇങ്ങനെ വെള്ളത്തിലാശാന്‍മാരായി നടക്കുന്നതിന് ഇവരെ പരിഹസിച്ച നാട്ടുകാരുണ്ട്. ബന്ധുക്കളുണ്ട്. എന്നാലോ,  വീട്ടുകാര്‍ക്ക് തങ്ങളെക്കുറിച്ചുള്ള അഭിമാനമോര്‍ത്ത് ഇവര്‍ തലയുയര്‍ത്തുന്നു. അവര്‍ പിന്തുണയും പണവും നല്‍കി. ഇനിയുമുണ്ട് നന്ദി പറയേണ്ടവര്‍ :  ഈ ആശയം തന്ന
    ആര്‍. വി.ജി മേനോന്‍, തങ്ങളെ പൂര്‍ണമായി വിശ്വസിച്ച വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍, ആങ്കറിങ് സംവിധാനം ഉണ്ടാക്കാന്‍ ഒരു രൂപപോലും വാങ്ങാതെ സഹായിച്ച സഹപാഠി സുധീപ് ആനന്ദ്, സഹായിച്ച ആഡ്‌ടെക് സിസ്റ്റം മേധാവി എം.ആര്‍.നാരായണന്‍, ബോര്‍ഡിലെ ജീവനക്കാര്‍...ആര്‍.വി.ജി മേനോന്‍ സന്തോഷത്തിലാണ്. നിലയം കാണാന്‍ താനും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
    ഇനി ഒന്നേകാല്‍ ഏക്കര്‍ സോളാര്‍പ്പാടം
    ഈ പരീക്ഷണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇതിലും കുറഞ്ഞചെലവില്‍ ബാണാസുര സാഗറില്‍ത്തന്നെ ഇതുമാതിരി രണ്ടോ മൂന്നോ നിലയങ്ങള്‍ നിര്‍മിക്കാന്‍ ഇവരുമായി ധാരണയായിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ പറഞ്ഞു. ബോര്‍ഡ് ഇവിടെ സ്ഥാപിക്കാനിരിക്കുന്ന 500 കിലോ വാട്ടിന്റെ ഒഴുകും നിലയത്തിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള ആഡ്‌ടെക് സിസ്റ്റത്തിന്റെ സാങ്കേതിക പങ്കാളികളും അജയും സുധിനുമാണ്.  ഓളപ്പരപ്പില്‍ ഒന്നേകാല്‍ ഏക്കര്‍ പരന്നുകിടക്കുന്ന നിലയമായിരിക്കും അത്!
    ''ഈ പണിയില്‍ നിന്ന് വരുമാനം കിട്ടാന്‍ കാലം കുറെ എടുക്കും. അതനുസരിച്ച് കമ്പനി വിപുലപ്പെടുത്തണം. ഗൂഗിളിനെപ്പോലെ തൊഴില്‍ സുരക്ഷിതത്വമുള്ള എല്‍. ആന്റ് ടി.യെപ്പോലെ വലിയ നിര്‍മാണപദ്ധതികള്‍ ഏറ്റെടുക്കാനാവുന്ന കമ്പനിയാണ് ഞങ്ങളുടെ സ്വപ്നം'' ഇത് പറയുമ്പോള്‍ പിന്നിട്ടതും വരാനിരിക്കുന്നതുമായ പൊല്ലാപ്പുകള്‍ ഓര്‍ത്ത് ഇരുവരും ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
    ഈ സ്വപ്നം നമുക്ക് ഷെയര്‍ ചെയ്യാം. ഇവര്‍ക്കായി പ്രാര്‍ത്ഥിക്കാം. സൂര്യനെ പിടിക്കാന്‍ കുട്ടികളല്ലാതെ ആരാണ് മോഹിക്കേണ്ടത്? 

  • 0 comments:

    Post a Comment