• കൊറ്റില്ലത്ത് ദേശാടന പക്ഷികളുടെ നിലവിളികള്‍

  പനമരം: ദേശാടനപക്ഷികളുടെ മലബാറിലെ പ്രധാന പ്രജനന കേന്ദ്രമായ വയനാട്ടിലെ പനമരം കൊറ്റില്ലം അപൂര്‍വയിനം പക്ഷികളുടെ കൊലക്കളങ്ങളാകുന്നു. നിരവധി വിദേശപക്ഷികളടക്കം മണ്‍സൂണ്‍ കാലത്ത് ഇവിടെയത്തെിയാണ് മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. പനമരം പുഴയോരവും സമീപ വയലുകളുമാണ് കൊറ്റില്ലം എന്നറിയപ്പെടുന്നത്. ഇവിടത്തെ കാലാവസ്ഥയും മണ്ണിന്‍െറ പ്രത്യേകതയുമാണ് പക്ഷികളെ ആകര്‍ഷിക്കുന്നത്. ചൂണ്ടയിട്ട് പക്ഷികളെയും കൊക്കുകളെയും പിടിക്കുന്നവര്‍ സമീപകാലത്ത് സജീവമായതോടെ ഇവിടെ ദേശാടന പക്ഷികളുടെ നിലവിളി ഉയരുകയാണ്.
  വൈറ്റ് ഐബിസ് (കഷണ്ടിത്തലയന്‍ കൊക്ക്), ഓപണ്‍ ബില്‍ഡ് സ്റ്റോര്‍ക് (ചേരാകൊക്കന്‍), കാറ്റില്‍ എഗ്രിറ്റ്, ലിറ്റില്‍ എഗ്രിറ്റ്, പര്‍പ്ള്‍ ഹെറോണ്‍, ഗ്രേ ഹെറോണ്‍ തുടങ്ങിയ പക്ഷികളാണ് പനമരത്ത് കാലങ്ങളായി എത്തുന്നത്. മഴക്കാലം തുടങ്ങുന്ന ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഇവ എത്തുക. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വിവിധ ഭാഗങ്ങളില്‍നിന്ന് പക്ഷികള്‍ എത്തുന്നു. മൈസൂര്‍ ശ്രീരംഗപട്ടണത്തെ രംഗനതിട്ടു പക്ഷിസങ്കേതത്തില്‍നിന്ന് പക്ഷികള്‍ കൂട്ടമായി എത്തുന്നുണ്ട്. പുഴയോരത്തെയും വയലിലെയും ചെറിയ തവളകള്‍, ചെറുമീനുകള്‍ എന്നിവയാണ് ഭക്ഷണം. മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങള്‍ വിരിഞ്ഞ ശേഷം കുടുംബവുമായി മാസങ്ങള്‍ കഴിഞ്ഞാണ് പക്ഷികള്‍ തിരിച്ചുപോവുക.
  അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന തൊഴിലാളികളും നാടോടികളും ഭക്ഷിക്കാനായി കൊക്കുകളെയും പക്ഷികളെയും ചൂണ്ടയിട്ട് പിടിക്കുന്നത് വ്യാപകമായി. ചെറുതവളകളെ ചൂണ്ടയില്‍ കൊരുത്ത് കുറ്റിയില്‍ കെട്ടിയിടുകയാണ് രീതി. പ്രധാനഭക്ഷണം കിട്ടിയ സന്തോഷത്തില്‍ പക്ഷികള്‍ കൊത്തുന്നതോടെ ചൂണ്ടയില്‍ കുരുങ്ങും. വലിയ ഇനം പക്ഷികള്‍ക്ക് ഒന്നും രണ്ടും കിലോ തൂക്കമുണ്ടാകും.
  ഇത്രയധികം പ്രാധാന്യമുള്ള ജൈവമേഖലയായിട്ടും പ്രദേശത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല.

 • 0 comments:

  Post a Comment