• കാട്ടാനപ്പേടിയില്‍ വനയോര ഗ്രാമങ്ങള്‍

    പനമരം: പഞ്ചായത്തിന്‍െറ കിഴക്ക് ഭാഗത്തുള്ള നീര്‍വാരം അങ്ങാടി വൈകുന്നേരമായാല്‍ വിജനമാകും. ഇരുട്ടുന്നതിന് മുമ്പ് കടകള്‍ അടച്ച് ഉടമസ്ഥര്‍ സ്ഥലം വിടും. വൈകീട്ട് ഏഴുമണിക്ക് ശേഷം അങ്ങാടിയില്‍ ആരും നില്‍ക്കാറില്ല. വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. കാരണം മറ്റൊന്നുമല്ല- ആനപ്പേടി.
    ഇരുട്ട് വീഴുന്നതോടെ കാട്ടാനകള്‍ കാടിറങ്ങുന്നതാണ് ഗ്രാമക്കവലയെ വിജനമാക്കുന്നത്. ഏത് ഇടവഴിയിലും ആന എത്താം എന്നതിനാല്‍ നേരം ഇരുട്ടിയാലുള്ള സഞ്ചാരം സുരക്ഷിതമല്ല. വീടിന് പുറത്തിറങ്ങാതെ രാത്രി കഴിച്ചു കൂട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്.
    നീര്‍വാരത്തിനടുത്ത അമ്മാനി, പാതിരിയമ്പം, നെഞ്ചറമൂല, ചെക്കിട്ട, ചെഞ്ചടി, കായക്കുന്ന്, പുതുശ്ശേരി, മണല്‍വയല്‍ എന്നിവിടങ്ങളിലൊക്കെ കാട്ടാനകള്‍ പതിവായി എത്താറുണ്ട്. കൃഷിയിടങ്ങളില്‍ നാശം വരുത്തുന്ന ആനകള്‍ മനുഷ്യരെ അക്രമിച്ച സംഭവവുമുണ്ടായി.
    ഒരാഴ്ച മുമ്പ് ഓട്ടോ ഡ്രൈവര്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പനമരം ടൗണിലെ ഓട്ടം കഴിഞ്ഞ് രാത്രി ഏഴുമണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. നീര്‍വാരം ഹോമിയോ ആശുപത്രി വളവ് തിരിഞ്ഞപ്പോള്‍ ആന റോഡിന്‍െറ ഓരത്ത് വയലില്‍ നില്‍ക്കുന്നത് കണ്ടു. ചിന്നംവിളിച്ച് റോഡിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോ അതിവേഗം ഓടിച്ച് മുന്നോട്ടുപോകാനായതിനാല്‍ രക്ഷപ്പെടുകയായിരുന്നു. അമ്മാനിയിലെ ചീങ്കല്ലേല്‍ അപ്പച്ചന്‍ കഴിഞ്ഞ ദിവസം വെളുപ്പിന് നാലുമണിയോടെ മുറ്റത്തിറങ്ങിയപ്പോള്‍ രണ്ട് ആനകള്‍ മുന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്. ഓടി അകത്തു കയറിയതിനാല്‍ അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. അമ്മാനിയില്‍ ഇദ്ദേഹത്തിന്‍െറ വീടിന്‍െറ അല്‍പം മുന്‍വശത്തായി ആനകളുടെ സഞ്ചാരപാതയുണ്ട്. കാടിറങ്ങുന്ന ആനകള്‍ രാവിലെയും വൈകുന്നേരവും ഇതുവഴി കടന്നുപോകും. വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിലാണ് ആനകള്‍ കാടിറങ്ങുക. വെളുപ്പിന് നാലിനും ആറിനുമിടയില്‍ തിരിച്ചുപോകും. നടവയല്‍-പനമരം റോഡിലെ കായക്കുന്ന്, രണ്ടാംമൈല്‍, മാത്തൂര്‍വയല്‍ എന്നിവിടങ്ങളിലെത്തുന്ന ആനകള്‍ കൃഷിയിടങ്ങളിലൂടെയാണ് തിരിച്ചുപോകുന്നത്. ഇതിനിടയില്‍ കാണുന്നതൊക്കെ നശിപ്പിക്കും.
    കൃഷി ചെയ്ത് ഉപജീവനം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നീര്‍വാരം, പുഞ്ചവയല്‍ ഭാഗത്തെ കര്‍ഷകര്‍ പറഞ്ഞു. സകല വിളകളും ആനകള്‍ നശിപ്പിക്കുന്നതിനാല്‍ ഉപ ജീവനത്തിന് ക്ഷീര മേഖലയില്‍ ഭാര്യപരീക്ഷണത്തിനിറങ്ങിയവര്‍ നിരവധിയാണ്. വെളുപ്പിന് എഴുന്നേറ്റ് പശുവിനെ കറന്ന് പാല്‍ അളവ് കേന്ദ്രത്തിലെത്തിക്കുക എന്നതും ഇവരെ അലട്ടുന്ന പ്രശ്നമായിരിക്കുന്നു. ഇടവഴികളില്‍ ആനയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവന്‍ പണയപ്പെടുത്തി വേണം അളവ് കേന്ദ്രത്തിലേക്ക് നീങ്ങാന്‍. പാലെടുക്കാന്‍ വരുന്ന സഹ. സൊസൈറ്റി ജീവനക്കാരനെ പലതവണ ആന ഓടിച്ചു. പത്ര വിതരണക്കാരന്‍െറ സൈക്കിള്‍ ചുഴറ്റിയെറിഞ്ഞത് ഒരു വര്‍ഷം മുമ്പാണ്.
    10 കിലോ മീറ്ററിലേറെ സഞ്ചരിച്ച് പനമരം, അരിഞ്ചേര്‍മല, ഏച്ചോം ഭാഗങ്ങളില്‍ കാട്ടാന എത്തിയത് അടുത്തിടെയാണ്. നീര്‍വാരം, അമ്മാനി ഭാഗങ്ങളില്‍ സ്ഥിരമായി എത്തുന്ന ആനകളുടെ ഇഷ്ടഭക്ഷണം ചക്കയാണ്. ഇക്കാര്യം വനയോരത്തുള്ളവര്‍ക്കറിയാം. അതിനാല്‍ ചക്ക പാകമാകുമ്പോഴേക്കും പറിച്ചൊഴിവാക്കുകയാണ്. ഇതോടെയാണ് ചക്കതേടി ആനകള്‍ ദൂരത്തേക്ക് നീങ്ങുന്നത്. നെയ്ക്കുപ്പ വനത്തോട് ചേര്‍ന്നുള്ള ചെതലയം കാട്ടില്‍ നിന്നും ആനകള്‍ നാട്ടിലിറങ്ങാറുണ്ട്. ഒരു സാധ്യതയുമില്ലാത്ത സ്ഥലത്തും ആനകള്‍ എത്തുന്നതായാണ് അടുത്തിടെയുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആനകള്‍ കാടിറങ്ങുമ്പോള്‍ വനം വകുപ്പ് വാഹനങ്ങള്‍ തലങ്ങും വിലക്കും ചീറിപ്പായും. ആനകള്‍ കാട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രശ്നം പരിഹരിച്ച ആശ്വാസത്തില്‍ അധികൃതര്‍ തിരിച്ചുപോകും. അടുത്ത ദിവസം വേറെ സ്ഥലത്ത് ഇതുതന്നെ ആവര്‍ത്തിക്കുന്നു. ശാശ്വത പരിഹാരം മാത്രം ഉണ്ടാകുന്നില്ല.

  • 0 comments:

    Post a Comment