• പനമരം വിമാനത്താവളം: സ്‌ഥലപരിശോധനയ്‌ക്കെത്തിയവരെ നാട്ടുകാര്‍ മടക്കിയയച്ചു

    പനമരം: ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായി സ്ഥലപരിശോധനയ്ക്കെത്തിയ എൽ ആൻഡ് ടി കന്പനി പ്രതിനിധികളെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പ്രതിനിധികൾ സ്ഥലം സന്ദർശിക്കാതെ മടങ്ങി. വിമാനത്താവള വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തടഞ്ഞത്. സംഘത്തിന്റെ സന്ദർശനം നാട്ടുകാർ മുൻകൂട്ടി അറിഞ്ഞിരുന്നു.
    വെടിവച്ചുകൊന്നാലും ഭൂമിയിൽ നിന്നിറങ്ങില്ലെന്നു നാട്ടുകാർ പറഞ്ഞു. വയനാട്ടിലെ സാധാരണക്കാർക്ക് വിമാനത്താവളമല്ല; മെഡിക്കൽ കോളജാണ് വേണ്ടതെന്ന് സമരക്കാർ പറഞ്ഞു.
    നൂറുകണക്കിന് ഏക്കർ കൃഷിഭൂമി ഏറ്റെടുത്തും മുന്നൂറിലധികം കർഷക കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ചീക്കല്ലൂർ പ്രദേശത്ത് വിമാനത്താവളം നിർമിക്കാനുള്ള നീക്കം പ്രദേശത്തെ കർഷകരും പരിസ്ഥിതി സംഘടനകളും ശക്തമായി എതിർക്കുന്നുണ്ട്.
    അതിനിടെ, വിമാനത്താവളം വരുന്നതിനെ അനുകൂലിച്ച് മറ്റൊരു വിഭാഗം രംഗത്തുണ്ട്. ചീക്കല്ലൂരിൽ വിമാനത്താവളം നിർമിച്ചാൽ വർഷങ്ങളായി കൃഷി ചെയ്യുന്ന വയലുകൾ കർഷകർക്ക് നഷ്ടപ്പെടും. ഇവിടെ നിന്ന് കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ് ചീക്കല്ലൂർ പ്രദേശവാസികൾ. വിമാനത്താവളം നിർമിക്കാൻ പാരിസ്ഥിതിക പ്രാധാന്യമുള്ള 200 ഏക്കർ വയൽപ്രദേശം നികത്തണം. ഇതിനായി ചുറ്റുപാടുമുള്ള കുന്നുകളിടിച്ചു നിരത്തണം. ഇതോടെ നെൽകൃഷി നടത്തുന്ന 80 ശതമാനത്തോളം പാടങ്ങൾ അപ്രത്യക്ഷമാവും. റിയൽ എസ്റ്റേറ്റ് മാഫിയയെ സംരക്ഷിക്കുന്ന നടപടികളിൽനിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഡോ. ഹരി, അഡ്വ. ഗോപാലകൃഷ്ണൻ, വമ്മേരി രാഘവൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. വയൽനികത്തിയുള്ള വിമാനത്താവളത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.
  • 0 comments:

    Post a Comment