• ഹൈടെക് പച്ചക്കറി നഴ്‌സറി ഉദ്ഘാടനം ചെയ്തു



    പനമരം: ജില്ലയിലെ ആദ്യത്തെ അഗ്രികൾച്ചറൽ ഹൈടെക് പച്ചക്കറി നഴ്സറി മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഓരോ കുടുംബവും പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുക, ഗുണനിലവാരമുള്ളതും നല്ല വിളവ് ലഭിക്കുന്നതുമായ പച്ചക്കറിത്തൈകൾ ന്യായവിലയ്ക്ക് നൽകുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി തുടങ്ങുന്നത്.

    കൃഷിവകുപ്പിന്റെ സഹായത്തോടെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കിസാൻ അഗ്രികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ (കാഡ്സ്) പച്ചക്കറി നഴ്സറിയാണിത്.

    പനമരം കരിന്പുമ്മലിലാണ് നഴ്സറി പ്രവർത്തിക്കുന്നത്.

    വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കാൻ നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. എങ്കിൽ മാത്രമേ അന്യസംസ്ഥാനത്ത് നിന്നുള്ള കീടനാശിനി ഉപയോഗിച്ചുള്ള പച്ചക്കറികൾ ഉപേക്ഷിക്കുവാൻ നമുക്ക് കഴിയൂ. അതിന് 'കാഡ്സ്' പോലുള്ള പദ്ധതികളെ പരമാവധി ഉപയോഗപ്പെടുത്തണം.

    ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 'കാഡ്സ്' സന്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അശോകനും വെബ്സൈറ്റ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പൗലോസും നിർവഹിച്ചു.

    നമ്മൾ അനാവശ്യമായി ചെലവഴിക്കുന്ന അല്പസമയം ഉപയോഗപ്പെടുത്തിയാൽ നമുക്കും പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാമെന്ന് അശോകൻ പറഞ്ഞു. സ്ഥലപരിമിതി ഉള്ളവർക്കുപോലും ഉപയോഗപ്രദമായ രീതിയിലാണ് 'കാഡ്സ്' പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

    പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വത്സചാക്കോ പ്രഥമ അംഗത്വം ഏറ്റുവാങ്ങി. കാഡ്സ് ഓഫീസ് ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വാസു അമ്മാനി നിർവഹിച്ചു.

    ജില്ലാപഞ്ചായത്തംഗം എ.പി. ശ്രീകുമാർ, കാട്ടി ഗഫൂർ, കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ പി.പി. മുഹമ്മദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.വിക്രമൻ, കാഡ്സ് പ്രസിഡന്റ് എം.സി. സെബാസ്റ്റ്യൻ, സെക്രട്ടറി പ്രിയപ്രകാശ്, മാനേജർ കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
  • 0 comments:

    Post a Comment